പുത്തിഗെ: പുത്തിഗെ ഗ്രാമപഞ്ചായത്തിലെ മുഗാരി കണ്ടത്തിന് സമീപം കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ, പ്രദേശത്തെ റോഡിന്റെ സുരക്ഷാ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് പുത്തിഗെ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മുഗാരി കണ്ടത്തിന് സമീപമുള്ള റോഡിന് ആവശ്യമായ വീതിയില്ലാത്തതും റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്ന് കാഴ്ച മറയ്ക്കുന്നതും വാഹനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. എതിരെ വരുന്ന വാഹനങ്ങളെ കൃത്യമായി കാണാൻ കഴിയാത്ത സാഹചര്യം അപകടസാധ്യത വർധിപ്പിക്കുന്നതായും കമ്മിറ്റി പറഞ്ഞു.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് അടിയന്തരമായി വെട്ടിത്തെളിച്ച്
റോഡിന്റെ വീതിക്കൂട്ടിവാഹന സഞ്ചാരം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാതെ തുടർന്നാൽ പ്രദേശത്ത് അപകടങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം.

